
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും അൽപംകൂടി ബഹുമാനമാകാമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ്. ഇനിമുതൽ സർക്കാർ ഓഫിസുകളിലെ കത്തിടപാടുകളിൽ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ബഹുമാനം പ്രകടിപ്പിക്കണമെന്ന് നിർദ്ദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് സർക്കുലർ.
പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫിസുകളിൽ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കാറുണ്ട്. അതിനുശേഷം നിവേദകർക്കു നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദേശം.
സാധാരണയായി കത്തുകളിലോ സർക്കാർ രേഖകളിലോ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു മന്ത്രി എന്നൊന്നും പരാമർശിക്കാറില്ല. എന്നാൽ, ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കുന്ന പതിവുണ്ട്. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.











